പട്ന: ആൺ സുഹൃത്തിൻ്റെ സഹായത്തോടെ 13 വയസുകാരി അനുജത്തിയെ കൊലപ്പെടുത്തി. ഒൻപതു വയസുകാരിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പെൺകുട്ടിയുടെ മൃതദേഹം ഇരുവരും ചേർന്നു പെട്ടിയിലാക്കി വീട്ടിൽ സൂക്ഷിച്ചു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.
ബിഹാറിലെ വൈശാലി ജില്ലയിലുള്ള ജൻദഹ ബ്ലോക്കിലാണ് സംഭവം. വീട്ടിൽ പെട്ടിയിലാക്കി സൂക്ഷിച്ച മൃതദേഹത്തിൽനിന്നു ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഇരുവരും ചേർന്നു മൃതദേഹം വെട്ടിനുറുക്കി. തുടർന്ന് ആസിഡ് ഒഴിച്ചു ശരീരഭാഗങ്ങൾ കത്തിച്ച ശേഷം വീടിനു പിൻവശത്തായി ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലം ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധിച്ചിരുന്നു. ശരീരഭാഗങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൊല്ലപ്പെട്ടത് പ്രായപൂർത്തിയാകാത്തയാളാണെന്ന് വ്യക്തമായത്. തുടർന്നു, പ്രദേശത്തുനിന്നു കാണാതായ കുട്ടികളെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെയാണ് മെയ് 16 ന് ഒൻപതു വയസുകാരിയെ കാണാതായിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചത്.