തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിന്റെ താമസ സ്ഥലത്തുനിന്നും പണമായി 35 ലക്ഷം രൂപ, വിവിധ ബാങ്കുകളിലായി 40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകള്‍, 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകള്‍, 17 കിലോ നാണയങ്ങള്‍ എന്നിവയാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തത്.
ഇതിനുപുറമേ സുരേഷ് കുമാറിന്റെ മുറിയില്‍നിന്ന് പത്ത് ലിറ്റര്‍ തേനും കുടംപുളിയും കണ്ടെത്തി. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പുഴുങ്ങിയ മുട്ട, തേന്‍, കുടംപുളി, ജാതിക്ക തുടങ്ങി കിട്ടുന്നതെന്തും കൈക്കൂലിയായി വാങ്ങിയിരുന്നു.
പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൈക്കൂലി കണക്കുപറഞ്ഞു വാങ്ങുന്ന സുരേഷ്‌കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാറില്ല. വീട് വയ്ക്കാനാണ് പണം കൂട്ടിവെച്ചതെന്ന് സുരേഷ് കുമാര്‍ വിജിലന്‍സിന് മൊഴി നല്‍കി.
സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. നല്ലൊരു വീട് വയ്ക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്രയധികം പണം കൂട്ടിവച്ചത്. അവിവാഹിതനായതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും ഇയാള്‍ വിജിലന്‍സിനോട് പറഞ്ഞു. കൈക്കൂലി ലഭിക്കുന്നതുവരെ അപേക്ഷകള്‍ പിടിച്ചുവയ്ക്കുന്നതാണ് ഇയാളുടെ രിതി. നേരത്തെ ജോലി ചെയ്ത ഓഫീസുകളിലും ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചു.
സുരേഷ്‌കുമാറിനെ തൃശൂര്‍ വിജലിന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് പാലക്കാട് കലക്ടര്‍ ഉത്തരവിട്ടു. ഈ മാസം 23 മുതല്‍ പ്രാബല്യത്തോടെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാര്‍ 17 വര്‍ഷമായി വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്. ഇയാളുടെ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിക്കാന്‍ മാറ്റി.
പണത്തിന്റെ ഉറവിടം സംബന്ധിച്ചു വിശദാന്വേഷണം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൈക്കൂലി പണമാണ് മാറ്റിവെച്ചിരുന്നതെന്നാണ് നിഗമനം. സുരേഷ് ആരുടെയെങ്കിലും ബിനാമിയാണോ എന്നതും പരിശോധിക്കും. ഇയാളെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷില്‍നിന്നു പിടിച്ചെടുത്ത പണം അടക്കമുള്ള തൊണ്ടിമുതലുകള്‍ വിജിലന്‍സ് സംഘം കോടതിയില്‍ ഹാജരാക്കി.