ട്രെയിന്‍ തട്ടി രണ്ടു വയസുകാരിയുടെ മരണം; കുട്ടി പുറത്തിറങ്ങി പോയത്  അമ്മ ഭക്ഷണമെടുക്കാന്‍ പോയ സമയത്ത്, തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ട്രെയിന്‍ തട്ടിയെന്ന്  നിഗമനം

author-image
neenu thodupuzha
New Update

വര്‍ക്കല: രണ്ടു വയസുകാരി ട്രെയിന്‍ തട്ടി മരിച്ചത് ഭക്ഷണം എടുക്കാന്‍ അമ്മ അടുക്കളയിലേക്ക് പോയ സമയത്ത്.  ഇടവ കാപ്പില്‍ കണ്ണംമൂട് എകെജി വിലാസത്തില്‍ അബ്ദുല്‍ അസീസ്- ഇസൂസി ദമ്പതികളുടെ മകള്‍ സുഹ്‌റിനാണ് മരിച്ചത്.

Advertisment

publive-image

വെള്ളിയാഴ്ച വൈകിട്ട് ഇടവ, കാപ്പില്‍ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ കണ്ണംമൂട് റെയില്‍പാളത്തിലാണ് സംഭവം. പാളത്തിനോട് ചേര്‍ന്ന വീട്ടില്‍ രണ്ട് സഹോദരങ്ങള്‍ക്കും ബന്ധുക്കളായ കുട്ടികള്‍ക്കുമൊപ്പം കളിക്കുന്നതിനിടെ സുഹ്‌റിന്‍ വീടിന്റെ ഗേറ്റ് തുറന്ന് ഒറ്റയ്ക്ക് പാളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

സുഹ്‌റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെ ഒന്നര മീറ്റര്‍ ഉയരത്തിലാണ് പാളം. ആദ്യം പാളം മുറിച്ചുകടന്ന് രണ്ടാമത്തെ പാളത്തില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ട്രെയിന്‍ തട്ടിയെന്നാണ് നിഗമനം.

കുട്ടിയെ കാണാതായതോടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് തലയ്ക്കു മുറിവേറ്റ നിലയില്‍ കുട്ടിയെ പാളത്തിനു സമീപത്ത് കണ്ടെത്തിയത്. കുട്ടി  സംഭവസ്ഥലത്തു  തന്നെ മരിച്ചു.

മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്ദുല്‍ അസീസിന് ഗള്‍ഫിലാണ് ജോലി. ഇവരുടെ മൂന്നു മക്കളില്‍ ഇളയ കുട്ടിയാണ് സുഹ്‌റിന്‍. സഹോദരങ്ങള്‍ സിയ, ഷാക്കിഫ്.

Advertisment