തിരക്കഥ കൊടുത്തപ്പോള്‍ ജോയ് മാത്യു കൊള്ളാം, നന്നായിട്ടുണ്ടെന്നു പറഞ്ഞു, എന്നാൽ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു, ഈ ഡയലോഗ് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണമെന്ന് പറഞ്ഞു,  മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസം, സാമ്പാറിന്‍റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനറായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു, ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു; ജോയ് മാത്യു, കൈലാഷ് എന്നിവർക്കെതിരെ 'ബൈനറി' സിനിമയുടെ അണിയറക്കാർ

author-image
neenu thodupuzha
New Update

തങ്ങളുടെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളില്‍ ഭൂരിഭാഗവും പ്രൊമോഷണല്‍ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്ന് ബൈനറി സിനിമയുടെ അണിയറക്കാര്‍. ജോയ് മാത്യു, കൈലാഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിലുണ്ടെന്നും ചിത്രത്തിന്‍റെ സംവിധായകന്‍ ജാസിക് അലി, സഹനിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Advertisment

publive-image

"അഭിനയിച്ച താരങ്ങള്‍ പ്രൊമോഷനുവേണ്ടി സഹകരിച്ചിട്ടില്ല.  ജോയ് മാത്യു പ്രൊമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജോയ് മാത്യു ഒരു പ്രതികരണവും നല്‍കിയിട്ടില്ല.

ഷിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിംഗിന് വരുന്നത്" സംവിധായകന്‍ ജാസിക് അലി പറഞ്ഞു.

publive-image

"രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന  അവസ്ഥ വന്നു. ആദ്യത്തെ നിര്‍മ്മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണമെന്ന് പറഞ്ഞു.

എട്ടൊന്‍പത് മാസം  കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുന്നത് ബുദ്ധിമുട്ടാണ്. അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്‍റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.

ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുകയെന്നത്,  അതുണ്ടായില്ല"- രാജേഷ് ബാബു പറഞ്ഞു.

Advertisment