അടൂര്‍: ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നേരത്തേ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഹൈസ്‌കൂളില്‍ പെണ്‍കുട്ടികളുണ്ടായിരുന്നില്ല.
1917ല്‍ സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരുന്നു. 1962ല്‍ കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ബോയ്‌സ്, ഗേള്‍സ് എന്നിങ്ങനെ രണ്ടു സ്‌കൂളാക്കി.
1997ല്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി ആരംഭിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയെങ്കിലും അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ മാത്രമായി തുടര്‍ന്നു.
പി.ടി.എ. പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ഉത്തരവുണ്ടായത്.