ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം പേശികളുടെയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ ബാധിക്കും. ഇതു മാനസികാരോഗ്യത്തെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പോഷകം കൂടിയാണ്. കാത്സ്യം കുറഞ്ഞാല്‍ അത് ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് നിങ്ങളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ചില വൈകല്യങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുണ്ട്. കാ്ത്സ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ആരോഗ്യാവസ്ഥയെ ഹൈപ്പോകാല്‍സെമിയ എന്ന് വിളിക്കുന്നു. രക്ത സാമ്പിളുകള്‍ വഴിയാണ് ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കണ്ടെത്തുന്നത്. പ്രായപൂര്‍ത്തിയായവരില്‍ കാത്സത്തിന്റെ സാധാരണ അളവ് ഡെസിലിറ്ററിന് 8.8-10.4 മില്ലിഗ്രാം വരെയാണ്.
ആരോഗ്യപ്രശ്‌നങ്ങള്‍
1.ശരീരത്തില്‍ കാത്സ്യം കുറവാണെങ്കില്‍ പേശി വേദന, തരിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയില്‍ വേദന, കൈകളിലും കാലുകളിലും വായയുടെ ചുറ്റുമുള്ള ഭാഗങ്ങളിലും മരവിപ്പ് അനുഭവപ്പെടും. കാത്സ്യത്തിന്റെ അളവ് വലിയ രീതിയില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങളും കഠിനമായിരിക്കും.
2. ശരീരത്തില്‍ കാത്സ്യം കുറവാണെങ്കില്‍ അത് പല്ലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം വേര്‍തിരിച്ചെടുക്കുന്നു. ഇത് പല്ലുകളിലെ കാത്സ്യത്തിന്റെ കുറവിന് കാരണമാകും. ദന്തക്ഷയം, പല്ലുകളുടെ പൊട്ടല്‍, മോണകളിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള പലതരം ദന്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പല്ലിന്റെ വേരുകളെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകും.
3. മുടിക്കും ചര്‍മ്മത്തിനും വേണ്ട ഒരു പ്രധാന പോഷകമാണിത്. കാത്സ്യം കുറയുമ്പോള്‍ വരണ്ട ചര്‍മ്മം, നഖങ്ങളില്‍ പ്രശ്‌നം, മുടി ഡ്രൈ ആകുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടാകും. അലോപ്പീസിയ, എക്‌സിമ, സോറിയാസിസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമുണ്ടാകാം.
4.കാത്സ്യത്തിന്റെ കുറവ് അമിതമായ ക്ഷീണത്തിന് കാരണമാകും. ശ്രദ്ധക്കുറവ്, ആശയക്കുഴപ്പം, അലസത, തലകറക്കം, ബ്രെയിന്‍ ഫോഗ് എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ശരീരത്തില്‍ കാത്സ്യം കുറയുന്നത് ഉറക്കമില്ലായ്മയിലേക്കും നയിക്കാം.
5.കാത്സ്യത്തിന്റെ കുറവ് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കു കാരണമാകും. അസ്ഥികള്‍ക്ക് ബലം നല്‍കാന്‍ ഉയര്‍ന്ന അളവില്‍ കാത്സ്യം ആവശ്യമാണ്. ഈ പോഷകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. മൊത്തത്തിലുള്ള കാത്സ്യത്തിന്റെ കുറവ് എല്ലുകള്‍ക്ക് പൊട്ടലുണ്ടാകാനും പരിക്കേല്‍ക്കാനും സാധ്യത കൂട്ടും. അതുപോലെ, ഇത് ഓസ്റ്റിയോപീനിയയ്ക്കും കാരണമാകും. അസ്ഥിസാന്ദ്രത നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.