അടിമാലി: ഭൂമി കച്ചവടത്തില്‍ ലാഭം നല്‍കാമെന്ന വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി 35 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി പിടിയിൽ. ആനച്ചാല്‍ മന്നാക്കുടി പാറയ്ക്കല്‍ ഷിഹാബാ(41)ണ് അറസ്റ്റിലായത്. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്നു പ്രധാന പ്രതികള്‍ ഉൾപ്പെടെ ഏഴു പേരാണ് കേസിലുള്ളത്.
രണ്ടാം പ്രതി തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനിലി(38)നെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 19-നാണ് സംഭവം. ഭൂമി കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞ് ഫാ. പോള്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരുവനന്തപുരം കരമന സ്വദേശി ബോസിനെ അനില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് പണം കൊണ്ടുവരാനും തന്റെ പള്ളിയിലെ കപ്യാര് പണം കണ്ട് ബോധ്യപ്പെടാന്‍ വരുമെന്നും അറിയിച്ചു.
പിന്നീട് പണവുമായി വന്ന ബോസിനെ ഇന്നലെ അറസ്റ്റിലായ ഷിഹാബ് തള്ളിയിട്ടശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കടന്നു കളഞ്ഞെന്നാണ് പരാതി. 35 ലക്ഷം രൂപയില്‍ നിന്നും 7 ലക്ഷം തനിക്ക് ലഭിച്ചതായി ഷിഹാബ് പോലീസില്‍ സമ്മതിച്ചു. ഇതില്‍ നിന്നും രണ്ടര ലക്ഷം രൂപ കണ്ടെടുത്തു. കൂടാതെ ഈ പണമുപയോഗിച്ച് വാങ്ങിയ ഏഴര പവന്‍ സ്വര്‍ണവും കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പി: ബിനു ശ്രീധര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് മുന്നോട്ടു പോകുന്നത്. വെള്ളത്തൂവല്‍ സി.ഐ: ആര്‍ കുമാര്‍, എസ്.ഐമാരായ സി.ആര്‍ സന്തോഷ്, സജി എന്‍. പോള്‍, ബിജു തുടങ്ങിയവയുടെ നേതൃത്വത്തിലാണ് അന്വേഷണം.