ഇടമലക്കുടി റോഡ് നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും

author-image
neenu thodupuzha
New Update

ഇടുക്കി: ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഇഡ്ഡലിപ്പാറക്കുടിയില്‍ രാവിലെ 11 ന് നടക്കുന്ന പരിപാടിയില്‍ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാവും. അഡ്വ. ഡീന്‍ കുര്യക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.

Advertisment

publive-image

എംഎല്‍എമാരായ എംഎം മണി, പിജെ ജോസഫ്, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ദേവികുളം സബ്കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ്മ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരത്തിലാണ് വനത്തിലൂടെ റോഡ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക.

പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെ 7.5 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം. ഇടമലക്കുടിയിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.

4.37 കോടി ചെലവില്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്. ബി എസ് എന്‍ എല്ലിനാണ് നിര്‍മാണ ചുമതല.

റോഡും നെറ്റ് കണക്റ്റിവിറ്റിയും പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇടമലക്കുടിയിലേക്ക് മാറ്റാന്‍ കഴിയും. നിലവില്‍ കുടിയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ ദേവികുളത്താണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

2008 ല്‍ സ്പീക്കറായിരിക്കെ കെ.രാധാകൃഷ്ണന്‍ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010ല്‍ പഞ്ചായത്താക്കി മാറ്റിയത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടിയില്‍ നടന്നിരുന്നു. ഇടമലക്കുടി നിവാസികള്‍ക്കുള്ള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനമാണ് റോഡും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.

Advertisment