തിരുവനന്തപുരം: പുജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥർക്ക് തടവുകാരന്റെ ആക്രമണം. ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയെന്ന് പറഞ്ഞ് തടവുകാരൻ പ്രകോപിതനാകുകയായിരുന്നു. തടവുകാരനായ വയനാട് സ്വദേശി ഫൈജാസാണ് ആക്രമണം നടത്തിയത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നാണ് റിപ്പോർട്ട്. ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പോലീസ് കേസ് എടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. വിളമ്പിയ മട്ടൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഫൈജാസ് ചുമതലക്കാരനായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞു.
പിന്നീട് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനുമാണ് ഇയാൾക്കെതിരെ കേസ്.