മോനിപ്പിളളി: ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി മേഖലയില്‍ വ്യാപകമായി നെല്‍പ്പാടം നികത്തുന്നു. മോനിപ്പള്ളി മുത്തോലപുരം റൂട്ടില്‍ വട്ടക്കുന്നേല്‍ ഭാഗത്ത് അനധികൃതമായി പാടശേഖരം നികത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
ഭൂരിഭാഗം സ്ഥലങ്ങളും മത്സ്യക്കൃഷിയുടെ പേരില്‍ ആഴത്തില്‍ കുളമുണ്ടാക്കി ശേഖരിക്കുന്ന മണ്ണ് ഉപയോഗിച്ചാണ് നെല്‍പാടം നികത്തിവരുന്നത്.
അതോടൊപ്പം വീട് നിര്‍മ്മിക്കാനെന്ന വ്യാജേന അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റ് വരെയുളള ഭൂമിയുടെ പെര്‍മിറ്റ് സമ്പാദിക്കുന്നവര്‍ മണ്ണ് മാഫിയായുമായി ചേര്‍ന്ന് രാത്രി സമയത്ത് ടിപ്പര്‍ ലോറികളില്‍ മണ്ണ് അടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇതുസംബന്ധിച്ച് റവന്യൂ, കൃഷി, പഞ്ചായത്ത് അധികൃതര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞദിവസം നെല്‍പാടത്ത് ലോറിയില്‍ മണ്ണ് ഇറക്കുന്നതിനിടയില്‍ കുറവിലങ്ങാട് പോലീസെത്തി നടപടി സ്വീകരിച്ചിരുന്നു. മേഖലയില്‍ വ്യാപകമായി പൂഴി ഉപയോഗിച്ച് നെല്‍പാടം നികത്തിവരികയാണ്.