ഗാന്ധിനഗര്‍: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു.
ആര്‍പ്പുക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടു ചിറയില്‍ വീട്ടില്‍ ജോജിമോന്‍ ജോസ് (30), ആര്‍പ്പുക്കര വില്ലൂന്നി കുളങ്ങരപറമ്പില്‍ വീട്ടില്‍ അരുണ്‍ രവി (29) എന്നിവരെയാണു ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ ഇന്നലെ രാത്രി 12ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ഫ്‌ലോറല്‍ പാര്‍ക്ക് ബാറിനു മുന്‍വശംവച്ച് തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയ്യിലിരുന്ന ജി.ഐ പൈപ്പ് ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയുമായിരുന്നു.
യുവാവും ഇവരും തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്നു പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ പ്രദീപ് ലാല്‍, എസ്.ഐ മാര്‍ട്ടിന്‍ അലക്‌സ്, എ. എസ്.ഐ പ്രശാന്ത് എംപി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.