കോഴിക്കോട്: കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ.
കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നന്മണ്ട സ്വദേശി ശരത് ലാലി(31)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
/sathyam/media/post_attachments/Gytl56s39dWsDoM1t38M.jpg)
ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞമാസം 24നായിരുന്നു യുവതിയുടെ മരണം. ശരത്‌ലാല്‍ ഡ്രൈവറായ ബസില്‍ യുവതി സ്ഥിരമായി യാത്രചെയ്തിരുന്നു. ഈ പരിചയം മുതലെടുത്ത് പ്രതി യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു.
കടമായി നല്‍കിയ പണം തിരികെ ചോദിച്ച യുവതിയെ ശരത്‌ലാല്‍ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി മാനഹാനി വരുത്തുമെന്നും കുടുംബജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ പ്രതി യുവതിയെ പലവട്ടം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.
യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. യുവതി ജോലി ചെയ്തിരുന്ന സ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെ പ്രതിയുടെ പങ്ക് വ്യക്തമാക്കി അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.