നെടുങ്കണ്ടം: കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുകയറി അപകടം. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
നെടുങ്കണ്ടം സ്വദേശികളായ അരവിന്ദ്, പ്രണവ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇതില്‍ ഒരാളുടെ കൈയൊടിഞ്ഞ് വേര്‍പെട്ട നിലയിലാണ്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ചുപേരും റോഡിലേക്ക് തെറിച്ചുവീണു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
അമിതവേഗതയിലെത്തിയ ബൈക്കിലെത്തിയ മൂന്നുപേര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കിഴക്കേക്കവലയില്‍നിന്നും മൂന്നുപേരുമായി അമിതവേഗതയിലെത്തിയ ബൈക്കാണ് എതിര്‍ദിശയില്‍ കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈക്കില്‍ ഇടിച്ചത്.
ഇവര്‍ കിഴക്കേക്കവലയില്‍ വച്ച് മറ്റൊരു കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ വരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ഇതിനിടെ അപകടം കണ്ടുനിന്നവരില്‍ ചിലര്‍ അമിതവേഗതയിലെത്തിയ ബൈക്കിലുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.