പയ്യന്നൂര്‍: കെട്ടിടത്തിൽ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ സംഭവത്തില്‍ നുണ പരിശോധന നടത്താന്‍ നീക്കം. പ്രതിയെ തിരിച്ചറിയാനാകാതെ കേസന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണ് വിദ്യാര്‍ഥിക്കൊപ്പം അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കൗമാരക്കാരനായ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമം.
സുഹൃത്തായ കൗമാരക്കാരനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുധ്യം കണക്കിലെടുത്താണ് പരിശോധന.
കഴിഞ്ഞ മാസം 27ന് രാത്രിയിലാണ് പയ്യന്നൂര്‍ കാറമേല്‍ റേഷന്‍കടയ്ക്ക് സമീപം കേസിനാസ്പദമായ സംഭവം നടന്നത്. റേഷന്‍കടയുടെ സമീപത്തെ സുലൈമാന്‍-ഫൗസിയ ദമ്പതികളുടെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ബൈത്തൂല്‍ ഹൗസില്‍ ബിലാലിനെയാണ് അത്യാസന്ന നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനു പിന്നാലെ സമീപത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും തളംകെട്ടിക്കിടക്കുന്ന രക്തം ഒരാള്‍ തുടച്ചു നീക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.