മറ്റക്കര: ശക്തമായ കാറ്റിലും മഴയിലും മറ്റക്കരയില്‍ വ്യാപക നാശ നഷ്ടം. തുരുത്തിപ്പളളി ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആല്‍മരം ഒടിഞ്ഞു.
രണ്ടായി പിളര്‍ന്നാണ് ആല്‍മരം വീണത്.100 വര്‍ഷത്തോളം പഴക്കമുണ്ട് ആല്‍മരത്തിന്. അകലക്കുന്നം പഞ്ചായത്തിലെ പതിനാല്, പതിനഞ്ച് വാര്‍ഡുകളിലെ ഭാഗങ്ങളില്‍ അതിശക്തമായ കാറ്റാണുണ്ടായത്.
പ്രദേശത്തെ പലരുടേയും വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും മറ്റക്കരയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മറ്റക്കര പതിനാലാം വാര്‍ഡില്‍ മനക്കുന്നത്ത് ശ്രീവത്സം വീട്ടില്‍ ശോഭനാകുമാരിയുടെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മനക്കുന്നത്ത് വീട്ടില്‍ എം.എ. രാജീവിന്റെ വീട്ടിലും ഭാഗീകമായി നാശനഷ്ടങ്ങള്‍ സംഭിച്ചിട്ടുണ്ട്.
പതിനഞ്ചാം വാര്‍ഡില്‍ കണികുന്നേല്‍ ജയിസന്റെ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. അമ്പലപ്പറമ്പില്‍ എസ് എസ് ഉണ്ണികൃഷ്ണന്‍ നായരുടെ പശുത്തൊഴുത്തും കുളിമുറിയും മരം വീണ് തകര്‍ന്നു. പതിനഞ്ചാം വാര്‍ഡില്‍ രമണി കുറ്റിക്കാട് പാടത്തിന്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറ്റക്കര തേക്കുംകാട്ടില്‍ ടി.ബി രാജന്റെ പുരയിടത്തിലും മരങ്ങള്‍ വീണ് വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വടക്കേടം ഭാഗത്ത് കീച്ചേരില്‍ സജി ജോസഫിന്റെ വീടിനും െവെദ്യുത ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. സമീപവാസിയായ കോലടിയില്‍ ഫിലിപ്പിന്റെ ഉള്‍പ്പെടെ നാല് വീടുകള്‍ക്കു കൂടി ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായി. നേരത്തെ ശക്തമായ കാറ്റില്‍ മറ്റക്കര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.