പൊറോട്ട കൊടുക്കാൻ വൈകിയതിന് കോട്ടയം കാരിത്താസിൽ  തട്ടുകടയിലെ  സംഘര്‍ഷം; ആറ് പേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

ഏറ്റുമാനൂര്‍: കാരിത്താസ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.

Advertisment

തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്.എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍വീട്ടില്‍ സഞ്ജു  (30), ഇയാളുടെ സഹോദരനായ കണ്ണന്‍  (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ്  അറസ്റ്റു ചെയ്തത്.

publive-image

ഇവര്‍ സംഘംചേര്‍ന്ന് 28 നു രാത്രി 9:20ന്  കാരിത്താസ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയിലെത്തി തട്ടുകട ഉടമയേയും ജീവനക്കാരെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി യുവാക്കളില്‍ രണ്ടുപേര്‍ തട്ടുകടയില്‍ എത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്ത സമയത്ത് 10 മിനിറ്റ് താമസമുണ്ട് എന്നു കടയുടമ പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ കടയുടമയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി അവിടെ നിന്നു പോവുകയായിരുന്നു. അതിനുശേഷമാണു സംഘം ചേര്‍ന്ന് ഇവര്‍ തട്ടുകടയില്‍ തിരിച്ചെത്തി ആക്രമണം നടത്തിയത്.

സംഘം ചേര്‍ന്നു കടയില്‍ എത്തിയ ഇവര്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയും കൈയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ടും, ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും  അന്വേഷണസംഘം ഇവരെ ആറു പേരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു.

പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിനു ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ് കേസും, അടിപിടി കേസും നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment