തൊടുപുഴ: നൂറ്റി നാല്‍പ്പതോളം ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബിൽ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി കണ്ടെത്തല്‍. സംഭവത്തില്‍ കുറ്റംസമ്മതിച്ച മീറ്റര്‍ റീഡിങ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇയാളുടെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനേയും അന്വേഷണാത്മകമായി സസ്‌പെന്‍ഡും ചെയ്തു. അടുത്തിടെ തൊടുപുഴ സെക്ഷന്‍-1ന് കീഴിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലം മാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.
ഈ മാസം പുതിയ ജീവനക്കാരന്‍ റീഡിങ് എടുത്തപ്പോള്‍ ചില മീറ്ററുകളിലെ റീഡിങ്ങില്‍ മാറ്റം കണ്ടെത്തി. ഇങ്ങനെ 140 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബില്‍ വളരെയധികം കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തില്‍ വര്‍ധന കണ്ടെത്തിയത്.
പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റര്‍ റീഡിങ് എടുത്തിരുന്ന കരിമണ്ണൂര്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ റീഡിങ്ങില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാര്‍ഥ റീഡിങ്ങിനേക്കാള്‍ കുറച്ചായിരുന്നു ഇയാൾ വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്.
എന്തിനുവേണ്ടിയാണ് ഇയാള്‍ ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് അന്വേഷണം കെ.എസ്.ഇ.ബി വിജിലന്‍സിന് കൈമാറി. ഇയാള്‍ ഇവിടെ രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഇക്കാലയളവിലെല്ലാം ക്രമക്കേട് നടന്നിരുന്നോയെന്നും സാമ്പത്തിക ലാഭത്തിനായാണോ ബില്‍ തുക കുറച്ചിരുന്നതെന്നും വിജിലന്‍സ് അന്വേഷണത്തിലേ വ്യക്തമാകൂ.
മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രേരണയാലാണോ ഒറ്റയ്ക്കാണോ ഇയാള്‍ കൃത്രിമം നടത്തിയിരുന്നതെന്നും അന്വേഷിക്കും. ക്രമക്കേട് കണ്ടെത്തിയ ഉപഭോക്താക്കളുടെ മീറ്ററുകള്‍ കെ.എസ്.ഇ.ബിയുടെ വാഴത്തോപ്പില്‍നിന്നുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധിക്കുകയാണ്. മീറ്ററുകളിലെന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണിത്.