പന്തളം കുളനടയില്‍ നാലു കടകളില്‍ മോഷണം; 40,000 രൂപ കവർന്നു

author-image
neenu thodupuzha
New Update

പന്തളം: കുളനടയില്‍ നാലു കടകളില്‍ മോഷണവും മോഷണശ്രമവും. 40,000 രൂപയോളം മോഷ്ടിച്ചു. കഴിഞ്ഞ രാത്രിയിലാണ് കടകളുടെ ഓടു പൊളിച്ചിറങ്ങി മോഷണം നടത്തിയത്. രാവിലെ കട തുറക്കാനെത്തിയെപ്പോഴാണ് ഉടമകൾ വിവരമറിയുന്നത്.

Advertisment

publive-image

മാന്തുക വിജയ നിവാസില്‍ ജയശ്രീയുടെ ഗാലക്‌സി മെഡിക്കല്‍ സ്‌റ്റോറില്‍ കയറിയ മോഷ്ടാക്കള്‍ സി.സി.ടിവി കാമറകള്‍ വലിച്ചിളക്കിയതിനു ശേഷമാണു മോഷണം നടത്തിയത്. മരുന്നു വിതരണക്കാര്‍ക്കു നൽകാന്‍ വച്ചിരുന്ന 30,000 രൂപയോളമാണ് നഷ്ടമായത്. ഇവിടെ നിന്നും ഹോര്‍ലിക്‌സ്, ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവും മോഷ്ടാക്കള്‍ കൊണ്ടുപോയി.

കൈപ്പുഴ നോര്‍ത്ത് നാരകത്തുംമണ്ണില്‍ എന്‍.ആര്‍. ഗോപിനാഥന്റെ എവര്‍ഗ്രീന്‍ വെജിറ്റബിള്‍സ് ഫ്രൂട്‌സില്‍ നിന്നും രണ്ടായിരത്തോളം രൂപയാണു മോഷ്ടിക്കപ്പെട്ടത്. ഞെട്ടൂര്‍ ശ്രീമഹാദേവയില്‍ ചിത്തരഞ്ജന്റെ ശ്രീമഹാദേവ ജനറല്‍ സ്‌റ്റോഴ്‌സില്‍ കയറിയ മോഷ്ടാക്കള്‍ അവിടെ വഞ്ചിയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 9,000 രൂപയോളമാണു കവര്‍ന്നത്. ഞെട്ടൂര്‍ തോണ്ടത്തറയില്‍ പ്രദീപ് കുമാറിന്റെ അമൃത സ്‌റ്റോഴ്‌സില്‍ നിന്ന് ആയിരത്തിലേറെ രൂപയും മോഷണം പോയി.

കിടങ്ങന്നൂര്‍ സ്വദേശി അനിലിന്റ ഉടമസ്ഥതയിലുള്ള പവിത്രം സ്‌റ്റോഴ്‌സ്, ഞെട്ടൂര്‍ സോപാനത്തില്‍ രാജേഷിന്റെ ടീ സ്റ്റാള്‍, കോഴിയിറച്ചി വ്യാപാര സ്ഥാപനമായ തെങ്ങില്‍ ഫാം, സപ്ലൈകോയുടെ ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണു മോഷണശ്രമം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

Advertisment