സുരക്ഷാസംവിധാനങ്ങളില്ലാതെ അമിത വേഗത്തിൽ സവാരി, ഫോട്ടോ പോയിന്റ്, കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്, കുതിരകളുടെ വിസര്‍ജ്യങ്ങള്‍കൊണ്ട് പകർച്ചവ്യാധി ഭീഷണി;  മൂന്നാറില്‍  അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടി

author-image
neenu thodupuzha
New Update

മൂന്നാര്‍: മൂന്നാറില്‍ പൊതുസ്ഥലത്ത് ഗതാഗതതടസമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പോലീസ്. മൂന്നാര്‍-ടോപ് സ്റ്റേഷന്‍ റോഡില്‍ ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള കുതിര സവാരിക്കാര്‍ക്കാണ് ദേവികുളം പൊലീസ് നോട്ടിസ് നല്‍കിയത്.

Advertisment

publive-image

മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അനുമതിപത്രമില്ലാതെ നടത്തുന്ന സവാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണു നോട്ടീസ്.

അനുമതിയില്ലാതെ സഞ്ചാരികളെ കുതിരപ്പുറത്ത് കയറ്റി പ്രധാന റോഡിലൂടെ സവാരി നടത്തുന്നതിനാൽ  ഫോട്ടോ പോയിന്റ്, കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്  പതിവാണ്. കുതിരകളുടെ വിസര്‍ജ്യങ്ങള്‍ പ്രധാന റോഡിലും വശങ്ങളിലും കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതിനാലും പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകട സാധ്യതയും കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെ മുപ്പതിലധികം കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കുന്നത്. പിഞ്ചു കുട്ടികളടക്കമുള്ള സഞ്ചാരികളെ കുതിരപ്പുറത്തു കയറ്റി അമിതവേഗത്തില്‍ സവാരി നടത്തുന്നത് ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ്.

ഒരു മാസത്തിനിടയില്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വിനോദ സഞ്ചാരികളുടെ അഞ്ചു വാഹനങ്ങള്‍ക്ക് കുതിരകളുടെ ചവിട്ടേറ്റു കേടുപാടുകളുണ്ടായി.  ദേവികുളം പോലീസ് സ്റ്റേഷന്‍ ഏറെ ദൂരെയായതിനാല്‍  സഞ്ചാരികള്‍ പരാതി നല്‍കാതെ മടങ്ങുകയാണുണ്ടായത്.

Advertisment