ബ്രസീലിയ: സൗന്ദര്യമത്സരത്തില്‍ തന്‍റെ ഭാര്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ കുപിതനായ ഭര്‍ത്താവ് വേദിയിലേക്ക് കയറി വിജയിയുടെ കിരീടം തട്ടിയെടുത്തു നിലത്തെറിഞ്ഞു തകര്‍ത്തു.
ശനിയാഴ്ച ബ്രസീലില്‍ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം നടന്നതെന്ന് ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്തു. മിസ് ഗേ മാറ്റോ ഗ്രോസോ 2023 മത്സരത്തില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനിടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്
കാണികളിൽ ഒരാള്‍ ഇയാളുടെ പ്രവൃത്തി റെക്കോഡ് ചെയ്യുകയും സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയുമായിരുന്നു. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു.
നതാലി ബെക്കര്‍, ഇമാനുവല്ലി ബെലിനി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ഥികള്‍. ഇവരില്‍ ആരാണ് വിജയിയെന്ന് പ്രഖ്യാപിക്കാന്‍ ഒരു സ്ത്രീ വേദിയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. ആവേശഭരിതമായ മുഹൂര്‍ത്തത്തിനൊടുവില്‍ ബെലിനിയെ വിജയിയായി തെരഞ്ഞെടുത്തു. വിജയ കിരീടം അണിയിക്കാൻ തുടങ്ങവെ പെട്ടെന്ന് എതിർ മത്സരാര്‍ത്ഥിയുടെ ഭര്‍ത്താവ് വേദിയിലേക്ക് ഓടിക്കയറി കിരീടം വലിച്ചെറിയുകയായിരുന്നു.