തിരുവനന്തപുരം: പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ലഹരിയിൽ നിന്ന് മുക്തരല്ലെന്ന് ഇന്നലെ എക്സൈസ് കമ്മിഷണറായി വിരമിച്ച ഡിജിപി എസ്. ആനന്ദകൃഷ്ണൻ തുറന്നുപറഞ്ഞത് സർക്കാരിനുള്ള വ്യക്തമായ സന്ദേശമായി. കുടുംബാംഗങ്ങളിൽ ചിലർ അത്തരം അപകടങ്ങളിൽ ചെന്നുചാടുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും സേനാംഗങ്ങളിൽ കുറച്ചു പേരെയെങ്കിലും ലഹരിയുടെ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും ദൈനംദിന വെല്ലുവിളികളിൽ ഏറ്റവും പുതിയതാണിതെന്നും അദ്ദേഹം തുറന്നടിച്ചു.
ആനന്ദകൃഷ്ണൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നാണ് സമീപകാലത്തെ സംഭവങ്ങൾ നമ്മോട് പറയുന്നത്. ഒരു എസ്.പിയുടെ രണ്ട് ആൺമക്കളും ലഹരിമാഫിയയുടെ കൈയിൽപെട്ട് അദ്ദേഹത്തിന്റെ കുടുംബം നശിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമനാണ് തുറന്നുപറഞ്ഞത്.
തിരുവനന്തപുരത്ത് പോലീസ് ക്വാർട്ടേഴ്സിൽ പോലീസുകാരന്റെ മകൾ ലഹരിക്ക് അടിമയായി ജീവനൊടുക്കിയ സംഭവമുണ്ടായി. ഇത്തരം നിരവധി സംഭവങ്ങൾ പുറത്തറിയാതെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. പോലീസിനെയും എക്സൈസിനെയും രംഗത്തിറക്കി ലഹരിമാഫിയയെ പൂട്ടാൻ കർമ്മപദ്ധതി നടപ്പാക്കുമെന്ന് സർക്കാർ ഇടയ്ക്കിടെ പറയുന്നതല്ലാതെ കാര്യമായൊന്നും നടക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം.
കേരളത്തിൽ നഗര- ഗ്രാമ വ്യത്യാസമില്ലാതെ രാസലഹരിയൊഴുക്കുകയാണ് മാഫിയ. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇപ്പോൾ ഇരകൾ. തുടക്കത്തിൽ സൗജന്യമായി ലഹരിനൽകി കുട്ടികളെ മയക്കുമരുന്നിന് അടമികളാക്കി, പിന്നീട് ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നതാണ് രീതി. അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും തടയാനാവാത്ത തരത്തിൽ വേരുറപ്പിച്ചിരിക്കുകയാണ് ലഹരിമാഫിയ. നഗര-ഗ്രാമ വ്യത്യാസമില്ലാതെ 1140സ്കൂളുകളിൽ ലഹരിയിടപാട് നടക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജുകളിൽ സ്ഥിതി ഇതിലും ഗുരുതരമാണ്. കാര്യക്ഷമവും തുടർച്ചയുമായ പ്രതിരോധമില്ലാതെ ലഹരിമാഫിയയെ തളയ്ക്കാനാവില്ല.
സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നത് കുട്ടികളാണ്. ഏഴാംക്ലാസുമുതൽ ലഹരിക്കടിമയാണെന്നും 19സഹപാഠികൾ ലഹരിയുപയോഗിക്കുന്നതായും കോഴിക്കോട്ടെ സ്കൂൾവിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താനാവില്ല. നാവിലൊട്ടിക്കുന്ന സ്റ്റിക്കറിന് 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ. ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ എൽ.എസ്.ഡിക്ക് അടിമകളാണ്. വിദ്യാലയപരിസരങ്ങളിലെ ലഹരിവിൽപ്പനയും തടയാനാവുന്നില്ല. കോളേജ് ഹോസ്റ്റലുകളിലെ ലഹരിപാർട്ടിയുടെയും വിദ്യാർത്ഥികളുടെ ലഹരിയുപയോഗത്തിന്റെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.
പേജുകളിൽ എൽ.എസ്.ഡി സ്റ്റാമ്പൊട്ടിച്ച പുസ്തകങ്ങൾ കൊറിയറിൽ കോളേജ് ഹോസ്റ്റലുകളിലെത്തുന്നു. സിന്തറ്റിക് മരുന്നുകൾ കുട്ടികളെ ജീവിതകാലം മുഴുവൻ ലഹരിക്കടിമകളാക്കുന്നതാണ്. കോളേജ് വിദ്യാർത്ഥികളിൽ 31.8% ലഹരിയുപയോഗിക്കുന്നതായാണ് കണക്ക്. സ്കൂൾകുട്ടികളിൽ 10വയസിൽ ലഹരിയുപയോഗം തുടങ്ങുന്നുതായി സർവേകൾ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഡി.ജി.പി ആനന്ദകൃഷ്ണന്റെ വാക്കുകൾ ഗൗരവമായി കാണേണ്ടത്. സമൂഹത്തിനു നേരെയുള്ള വിപത്താണ് മയക്കു മരുന്നുകൾ. ശാരീരിക ആരോഗ്യ പ്രശ്നങ്ങളും മാനസിക ആരോഗ്യപ്രശ്നങ്ങളും ദൈനംദിന പ്രവർത്തനത്തിന്റെ തീഷ്ണതയും സംഘർഷവുമെല്ലാം നമ്മളിൽ സേനാംഗങ്ങളെന്ന നിലയ്ക്ക് അതിനെതിരെ ഒരു കാഴ്ചപാട് സ്വീകരിക്കണം. സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഓരോ പ്രശ്നം വരുമ്പോഴും നമ്മുടെ നിലപാടിനെക്കുറിച്ച് ചിന്തിക്കണം. പൊലീസ് ചെയ്തത് ശരിയായിരുന്നോ, ഇങ്ങനെയല്ലാതെ എന്തെങ്കിലും ചെയ്യാമായിരുന്നോ, മറ്റൊരു തരത്തിൽ ചെയ്തിരുന്നെങ്കിൽ മറ്റൊരു ഫലം ഉണ്ടാകുമായിരുന്നോ എന്നൊക്കെ ചിന്തിക്കണം. പൊലീസിന്റെ ഡ്യൂട്ടിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നതാണ്. സ്വന്തം ജീവൻ നൽകിയും പൊലീസ് ചുമതല നിറവേറ്റണമെന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. -ആനന്ദകൃഷ്ണൻ പറഞ്ഞു