തിരുവനന്തപുരം: പോലീസ് പരിശീലനത്തിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് ഏറെക്കാലമായി ഉയരുന്ന ആക്ഷേപമാണ്. ഇത് ശരിവയ്ക്കുന്ന കാഴ്ചയാണ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കണ്ടത്. ഡിജിപിമാരായ എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി സന്ധ്യ എന്നിവർക്ക് യാത്രഅയപ്പ് നൽകുന്ന ചടങ്ങായിരുന്നു വേദി. ഇരുവർക്കും വിടവാങ്ങൽ പരേഡ് നൽകാൻ സംസ്ഥാനത്തിന്റെ അഭിമാനമായ വനിതാ ബറ്റാലിയനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
കഴക്കൂട്ടത്തെ മേനംകുളത്താണ് വനിതാ ബറ്റാലിയന്റെ ആസ്ഥാനം. 2017ലാണ് കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിച്ചത്. ആർ.നിശാന്തിനി ഐ.പി.എസ് ആയിരുന്നു അതിന്റെ ആദ്യ കമാൻഡന്റ്. വനിതാ ബറ്റാലിയനിൽ നല്ല പരിശീലനം ലഭിച്ച ഒരു വനിതാ കമാൻഡോ ടീമുണ്ട്. കെഎപി2, കെഎപി3, കെഎപി4 ബറ്റാലിയനുകളോട് അനുബന്ധിച്ച് മറ്റ് 4 ഡിറ്റാച്ച്മെന്റ് ക്യാമ്പുകൾ ബറ്റാലിയനുണ്ട്. മലപ്പുറം അരിക്കോട് കെഎടിഎസ് കമാൻഡോ ക്യാമ്പിലാണ് കമാൻഡോ വിംഗ് പ്രവർത്തിക്കുന്നത്. വനിതകൾ മാത്രമുള്ള ബറ്റാലിയൻ കേരളാ പോലീസിന്റെ അഭിമാനമായിരുന്നു.
വിരമിക്കുന്ന രണ്ട് ഡി.ജി.പിമാർക്കായി നൽകിയ വിരമിക്കൽ പരേഡിൽ പരേഡിൽ ഒന്നിച്ചു നീങ്ങാനും ഒന്നിച്ച് വെടിയുതിർക്കാനും അറിയാതെ വന്നതോടെയാണ് പരിശീലനത്തിലെ പാളിച്ച പുറത്തായത്. പരേഡിനിടെ വിവിധ പ്ലാറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടാതിരുന്നതാണ് ഏറെ നാണക്കേടായത്. പിഴവുണ്ടായതിനെ തുടർന്ന് വനിതാ ബറ്റാലിയനിലെ 35 പേർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകാൻ തീരുമാനം. . ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണൻ, ഡോ. ബി.സന്ധ്യ എന്നിവർക്കാണ് ബുധനാഴ്ച രാവിലെ എസ്.എ.പി ഗ്രൗണ്ടിൽ വിരമിക്കൽ പരേഡ് നൽകിയത്.
ആദ്യത്തെ വിരമിക്കൽ ചടങ്ങ് എസ്. ആനന്ദകൃഷ്ണനുള്ളതായിരുന്നു. പരേഡ് നടക്കുന്നതിനിടെ വെടിയുതിർക്കേണ്ട അവസരമെത്തിയപ്പോൾ വനിതാ ബറ്റാലിയനിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടിയില്ല. പിന്നീട് ബി. സന്ധ്യക്ക് യാത്രയയപ്പ് നൽകിയപ്പോഴുള്ള പരേഡിലും മുപ്പതംഗ വനിതാ പ്ലറ്റൂണിന്റെ വെടിയുതിർക്കലിൽ അസ്വാഭാവികതയുണ്ടായി. ചിലരുടെ തോക്കുകളിൽ നിന്ന് വെടി പൊട്ടിയില്ല. വെടി പൊട്ടിച്ച മറ്റുള്ളവരുടേത് ഒരുമിച്ചായിരുന്നുമില്ല. ഗുരുതര പാളിച്ച വ്യക്തമായതോടെ വനിതാ ബറ്റാലിയനിലെ 35 പേരെ ഒരാഴ്ചത്തെ തീവ്ര പരീശീലനത്തിന് അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഡിജിപി.
തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ കമാൻഡോ പരിശീലനവും നൈറ്റ‌് ഫയറിങ്ങിൻ്റെ പാഠങ്ങളുമായി ഹൈടെക‌് പരിശീലനം നേടിയ 577 വനിതാ റിക്രൂട്ടുകളാണ‌് 2018 ജൂലൈ 31ന‌് പാസിംഗ് ഔട്ട് കഴിഞ്ഞ് പോലീസിന്റെ ഭാഗമായത്. 577 വനിതാ സിവിൽ പോലീസ് ഓഫീസർമാരെ അതിവേഗമാണ‌് റിക്രൂട്ട‌് ചെയ‌്തത‌്. കേരളത്തിൽ ആദ്യമായി വനിത ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഈ ബാച്ചിലെ വനിതാ ട്രെയിനികൾ.
അടിസ്ഥാന നിയമങ്ങൾക്കും, വിവിധ സ്‌പെഷ്യൽ നിയമങ്ങൾക്കും പുറമേ കളരി, യോഗ, കരാട്ടേ, നീന്തൽ, ഡ്രൈവിങ്, കംപ്യൂട്ടർ, സോഫ്റ്റ് സ്‌കില്ലുകൾ, ഫയറിങ്, ആയുധങ്ങൾ, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യൽ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലും പരിശീലനം നൽകിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭ വിമൺ ട്രെയിനിങ് സെന്റർ ഇ-ലേണിങ് കാമ്പസിലെ പരിശീലനവും ലഭിച്ചാണ് ഇവർ പുറത്തിറങ്ങുന്നത് ഇവർക്കായി പുതിയ ഡിസൈനിലുള്ള യൂണിഫോമും തയ്യാറായിട്ടുണ്ട്. എന്നാൽ പരേഡ് പാളിയതോടെ, പരിശീലനത്തിലെ പൊള്ളത്തരം വെളിവായി.