തൊടുപുഴ: ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെയുണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് ഇടിമിന്നലുണ്ടായത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് സംഭവം. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഒരാള്‍ മാത്രമായിരുന്നു. ലോറി ഡ്രൈവറും ആലക്കോട് സ്വദേശിയുമായ ജോബിന്‍ ജോസാണ് അത്ഭുതകരമായി പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടത്.
ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയതും ലോറി ഡ്രൈവറായ ജോബിന്റെ നേതൃത്വത്തിലായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം മഴയായതിനാല്‍ പാറമടയ്ക്ക് സമീപത്തെ പടുത മേഞ്ഞ താല്‍ക്കാലിക ഷെഡില്‍ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍.
മഴയ്‌ക്കൊപ്പം മിന്നലും ഇടിയും ഒരുമിച്ചായിരുന്നു. സ്റ്റൂളിലിരുന്ന ജോബിന്‍ ഏതാനും ദൂരത്തേക്ക് തെറിച്ചുവീണു. ഏതാനും സമയത്തേക്ക് ഓര്‍മ നഷ്ടപ്പെട്ട ജോബിന്‍ കണ്ണുതുറക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരെല്ലാം പലയിടത്തായി കമിഴ്ന്നുകിടക്കുന്നതാണ് കണ്ടത്. ഇതുകണ്ട് ഭയന്ന ജോബിന്റെ നിലവിളികേട്ട് പാറമടയുടെ ഓഫീസിലുണ്ടായിരുന്ന അക്കൗണ്ടന്റ് പോള്‍ ഓടിയെത്തി. തുടര്‍ന്ന് പോളിന്റെ കാറില്‍ പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചയുടൻ തൊടുപുഴയില്‍നിന്നും മറ്റും ആംബുലന്‍സ് സ്ഥലത്തെത്തി എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.