പത്തനംതിട്ട: വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോയ വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റിൽ. മൂന്നു ദിവസം മുമ്പ് പത്തനംതിട്ട ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതായതായി പരാതി ഉയരുകയും ചെയ്ത വീട്ടമ്മയുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപം പമ്പയാറ്റിൽ കണ്ടെത്തിയത്.
ചെന്നീർക്കര പഞ്ചായത്തിൽ പ്രക്കാനം സ്വദേശി സജുവിന്റെ ഭാര്യ സിആർ രമാദേവി (60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിൽ ബുധനാഴ്ച കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 11ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടിൽനിന്ന് ഇറങ്ങിയത്. മൊബൈൽ ഫോൺ എടുക്കാതെയാണ് പോയത്. എന്നാൽ, വൈകിയിട്ടും ഇവർ വീട്ടിൽ മടങ്ങി എത്താതിരുന്നതോടെ ബന്ധുക്കൾ ഇലവുംതിട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സജിത്ത്, സുജിത്ത്. മരുമകൾ: ആര്യ.
അതേസമയം രമാദേവി പത്തനംതിട്ടയിലുള്ള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്കാണ് പോയതെന്നും പറയുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തതയുണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.