തിരുവനന്തപുരം: വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ്:
" പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകള്‍ തുറന്നുവച്ച് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാന്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും സാധിക്കട്ടെ.
നാടിന്റെ നാളെകള്‍ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാല്‍പ്പായസം പോലെ ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സര്‍ക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്.
ഒരു പൂവിലെ ഇതളുകള്‍ പോലെ കൂട്ടുകാര്‍ക്കൊപ്പം വളരുക. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. അധ്യാപകരേയും രക്ഷിതാക്കളേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ. നിങ്ങളുടെ സ്‌കൂള്‍ പ്രവേശനം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍"