യുവതിയുടെ അടുത്തിരുന്നയാൾ എഴുന്നേറ്റ് പോയപ്പോൾ ആദ്യം സീറ്റിൽ ഒപ്പമിരുന്ന് ശല്യം, മാറിയിരുന്നപ്പോൾ പിൻസീറ്റിലിരുന്നും ശല്യം; കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ആള്‍ അറസ്റ്റിൽ, പ്രതിക്കിത് 'സ്ഥിരം തൊഴിൽ'

author-image
neenu thodupuzha
New Update

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രാമധ്യേ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി ചേനപ്പറമ്പില്‍ മുസമ്മി(36)ലാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. എറണാകുളം-തൊടുപുഴ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

Advertisment

publive-image

തൊടുപുഴ സ്വദേശിനിയായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കരിങ്ങാച്ചിറയില്‍നിന്നാണ് 24 കാരിയായ യുവതി ബസില്‍ കയറിയത്. ബസിന്റെ ഇടതുവശത്ത് ഡോറിനോട് ചേര്‍ന്നുള്ള സീറ്റിലാണ് യുവതി ഇരുന്നത്.

മറ്റൊരു യാത്രക്കാരിയും ഇതേ സീറ്റിലുണ്ടായിരുന്നു. ബസ് മൂവാറ്റുപുഴയിലെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന മുസമ്മില്‍ ഈ സീറ്റില്‍ വന്നിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ശല്യം വര്‍ധിച്ചതോടെ യുവതി എഴുന്നേറ്റ് ഡ്രൈവറുടെ സീറ്റിനു പിന്നിലായി ഇരുന്നു.

publive-image

ഇതോടെ മുസമ്മിലും ഈ സീറ്റിനു പിന്നിലെ സീറ്റില്‍ ഇരുന്ന് വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍, ഇവരോട് തര്‍ക്കിച്ച മുസമ്മില്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാര്‍ പ്രതിയെ തടഞ്ഞു വച്ചു. പിന്നീട് ബസ് തൊടുപുഴ സ്‌റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തൊടുപുഴയ്ക്കു സമീപം മടക്കത്താനം വരെ ഇയാള്‍ യുവതിയെ ശല്യം ചെയ്തു. ഇത്തരത്തില്‍ ബസില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണ് പ്രതിയെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

തൃശൂരിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇയാൾക്ക് ഭാര്യയും മക്കളുമുണ്ട്. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ അടിപിടി ഉള്‍പ്പെടെയുള്ള കേസുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.

Advertisment