പത്തനംതിട്ട: മിക്സിങ് മെഷീൻ കയറ്റി വന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സജാവൂർ റഹ്മാനാണ് മരിച്ചത്. സാരമായി പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ ഒരു കൈ അറ്റു.
ലോറിയിൽ ഉണ്ടായിരുന്ന 14 പേർ റോഡിലേക്ക് തെറിച്ച് വീഴുകയും കോൺക്രീറ്റ് മിക്സർ ഉരുണ്ട് വന്ന് സജുദൂറിൻ്റെ പുറത്തേക്ക് മറിയുകയുമായിരുന്നു. ലോറി മറിഞ്ഞതോടെ ഇതിന്റെ മുകളിലുണ്ടായിരുന്ന മിക്സിങ് മെഷീനും വീണു. ഇതിന് അടിയിൽപ്പെട്ടാണ് തൊഴിലാളിക്ക് ദാരുണമരണം സംഭവിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും താഴെ കുഴിയിൽ ലോറിക്ക് അടിയിലേക്കും വശങ്ങളിലേക്കും വീണു. ഇതിൽ ലോറിക്കും മിക്സിങ് മെഷീനും അടിയിൽപ്പെട്ടവർക്കാണ് കൂടുതൽ പരിക്ക്.
തടിയൂർ ഭാഗത്തുനിന്ന് കോൺക്രീറ്റ് കഴിഞ്ഞു തൊഴിലാളികളും മിക്സിങ് മെഷീനുമായി വന്ന വാഹനം അയിരൂർ കാഞ്ഞീറ്റുകര റോഡിൽ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്തു വച്ച് മറിയുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 4.30ന് തടിയൂർ കാഞ്ഞീറ്റുകര റോഡിലെ പൊന്മലയ്ക്ക് സമീപം വള്ളിക്കാലപടിയിലായിരുന്നു അപകടം. കോൺക്രീറ്റ് കഴിഞ്ഞ് മടങ്ങിവരും വഴി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തടിയൂരിൽനിന്ന് പന്തളത്തേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. സജ്ദൂറിനൊപ്പം ലോറിയിൽ ഉണ്ടായിരുന്ന 13 ബംഗാൾ സ്വദേശികളിൽ ഒൻപതു പേർക്ക് സാരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊന്മല ഭാഗത്തെ വളവിലെ ഇറക്കത്തിൽ എത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിടുകയും വലതുഭാഗത്തെ തിട്ടയിൽ ഇടിച്ച ശേഷം ഇടതു ഭാഗത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നെന്ന് പറയുന്നു.
വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴുണ് അപകടം അറിയുന്നത്. തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. കോയിപ്പുറം പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമായി.