മലപ്പുറം: പതിമൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ നാൽപ്പതുകാരനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
/sathyam/media/post_attachments/ZaPuj3eyWwKxPUIo7WI6.jpg)
2018 ജൂണിലാണ് സംഭവം. ലോകകപ്പ് ഫുട്ബോൾ മത്സരം ടിവിയിൽ കണ്ട് കുട്ടി രാത്രി 7.15ന് വീട്ടിലേക്ക് മടങ്ങവെ വെട്ടത്തൂരിലെ ഇടവഴിയിൽ വച്ച് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറിയിൽ വച്ച് മെയ് 10നും കുട്ടിയെ പ്രതി ഉപദ്രവിച്ചെന്ന് പരാതിയുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടയ്ക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം മൂന്ന് വർഷം തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
പിഴയൊടുക്കുന്ന തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.