കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. കൊലക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന് വിട്ടത്.
ജസ്റ്റിസ് വി.ജി. അരുണാണ് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. അപ്പീല്‍ ചൊവ്വാഴ്ച്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. കേസിലെ 16 പ്രതികളില്‍ നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. അട്ടപ്പാടി മധു വധക്കേസില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. 16 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഇതില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും മണ്ണാര്‍ക്കാട് എസ്.സി -എസ്.ടി കോടതി വിധിച്ചു. പതിനാറാം പ്രതി മുനീറിന് ഒഴികെ 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
ജഡ്ജി കെ.എം രതീഷ് കുമാര്‍ അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണ് കൊല്ലപ്പെടുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊലപ്പെടുത്തിയത്.