കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കണിച്ചാര്‍ പൂളക്കുറ്റി സ്വദേശിയായ ചരക്കുലോറി ഡ്രൈവര്‍ കുത്തും വെട്ടുമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പി. അല്‍ത്താഫ് (36), ഷബീര്‍ (30) എന്നിവർ സ്ഥിരം കുറ്റവാളികൾ. അൽത്താഫിന്‍റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുള്ളതായി പോലീസ് പറഞ്ഞു.
കഞ്ചാവ്, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കതിരൂര്‍, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനുകളില്‍ ഷബീറിന്‍റെ പേരിലും നിരവധി കേസുകളുളളതായി കണ്ണൂര്‍ എ.സി.പി ടി.കെ. രത്‌നകുമാര്‍ അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ചരക്കിറക്കി കൊണ്ടിരിക്കെ ലോറി ഡ്രൈവര്‍ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്‍റോ(40)യെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ.
കോഴിക്കോട് കേന്ദ്രീകരിച്ചു ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തിവരികയായിരുന്ന അല്‍ത്താഫും ഷബീറും കണ്ണൂരിലെത്തിയത് മൂന്ന് ദിവസം മുമ്പാണ്. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തും ടൗണിലും പിടിച്ചു പറിയും മറ്റും നടത്തിവരികയായിരുന്നു ഇരുവരും. കതിരൂര്‍ സ്വദേശിയായ ഷബീര്‍ കുറച്ചുകാലമായി നാദാപുരത്ത് താമസമാക്കുകയും അല്‍ത്താഫിന്‍റെ സംഘത്തില്‍ ചേരുകയായിരുന്നു.
നേരത്തെ കണ്ണൂരില്‍ ലഹരി ഇടപാട് ഉള്‍പ്പെടെയുളള കേസില്‍ പ്രതിയായിരുന്നു ഷബീര്‍. അല്‍ത്താഫും നിരവധി കേസുകളില്‍ പ്രതിയായിരുന്നു. താവളം കണ്ണൂരിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഇവിടേക്ക് എത്തിയതെന്നാണ് കരുതുന്നത്.
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍റെ കിഴക്കുഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. നേരത്തെയും ഇവിടെ ഡ്രൈവര്‍ പിടിച്ചു പറിക്ക് ഇരയായിട്ടുണ്ടെന്ന് വ്യാപക പരാതിയുണ്ട്.