കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തു. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. മഹേഷും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്തുണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയുടെ സംസ്കാരം ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനമുണ്ടാകും.