കൊച്ചി: ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽ ആൺസുഹൃത്തിനൊപ്പം താമസിച്ച പാലക്കാട് സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. പാലക്കാട് തിരുനെല്ലായി സ്വദേശി ലിൻസി(26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലി(36)നെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ യുവതിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ജെസിൽ ലിൻസിയുടെ മുഖത്ത് അടിക്കുകയും ചവിട്ടുകയും തുടർന്ന് അബോധവസ്ഥയിലായ ലിൻസിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ പാലക്കാട്ടെ യുവതിയുടെ വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. ലിൻസി ബാത്ത്‌റൂമിൽ വീണുവെന്നും ബോധമില്ലെന്നും അറിയിച്ചതോടെയാണ് വീട്ടുകാർ കൊച്ചിയിൽ എത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. സംഭവശേഷം മൊബൈൽ ഓഫാക്കി ഒളിവിൽപ്പോയ ജെസിലിനെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
കുറച്ചുദിവസങ്ങളായി ജെസിലും ലിൻസിയും ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ജെസിലിനെ കാനഡയിൽ കൊണ്ടുപോകാമെന്നും കടബാധ്യതകൾ തീർത്തുതരാമെന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.