കോട്ടയം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ സമരം അവസാനിപ്പിക്കാനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്. കോളേജിൽ രാവിലെ പത്തു മണിയോടെയാണ് ചര്‍ച്ച.
മന്ത്രിമാരായ ആര്‍. ബിന്ദുവും വി.എൻ. വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർഥികളുമായി ചർച്ച നടത്തും. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് വിദ്യാർഥികൾ. സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.
അതേസമയം, സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്നും ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത വികാരി ജനറൽ വിമർശിച്ചു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.