കാസർകോട്: എമർജൻസി ലൈറ്റിനകത്ത് ഈയ്യം പൂശി സ്വർണം ഒളിപ്പിച്ചു കണ്ണൂർ വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെട്ട യുവാവ് കാഞ്ഞങ്ങാട് പിടിയിൽ.
കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് നിസാറിനെ(36)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ വച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി കാറിൽ വീട്ടിലേക്ക് വരികയായിരുന്നു പ്രതി. സംശയം തോന്നി യുവാവ് എത്തിയ വാഹനം പോലീസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്ന് എമർജൻസ ലാമ്പുകൾക്കിടയിൽ 858 ഗ്രാം സ്വർണം സൂക്ഷിച്ചതായി കണ്ടെത്തിയത്.
ഈയ്യം പൂശിയ സ്വർണം എമർജൻസി ലൈറ്റിനകത്ത് സൂക്ഷിച്ചാണ് കടത്തിക്കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ ഇയാൾ പിടിക്കപ്പെട്ടില്ല.
കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന വാഹന പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സ്വർണം പിടികൂടിയ പോലീസ് സംഘത്തിൽ എഎസ്‌ഐ ശശിധരൻ, സിപിഒ സുജിത്. ഡ്രൈവർ സനൂപ് എന്നിവരുണ്ടായിരുന്നു.