കണ്ണൂർ: കണ്ണൂർ പാനൂരിൽ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു കീറി. വീട്ടുമുറ്റത്ത് വച്ചായിരുന്നു നായയുടെ ആക്രമണം. കുട്ടി മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനും കണ്ണിനും പരിക്കേറ്റു. മൂന്ന് പല്ലുകളും നഷ്ടപ്പെട്ടു.
പാനൂർ സ്വദേശിയായ നസീറിന്റെ മകനെയാണ് നായ ആക്രമിച്ചത്. പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഒന്നര വയസ്സുള്ള ആൺകുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാവുന്നത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയ്ക്കായിരുന്നു സംഭവം.
സംഭവം നടന്നയുടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് കേട്ടതിനെത്തുടർന്നാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പല്ലിന് പൊട്ടുള്ളത് കൊണ്ട് നിലവിൽ കുട്ടി ഭക്ഷണം കഴിക്കുന്നില്ല. ജ്യൂസ് പോലെയുള്ള പാനീയങ്ങളാണ് നൽകുന്നതെന്നും മേഖലയിൽ തെരുവുനായ ആക്രമണം പതിവായിട്ടും അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നസീർ ആരോപിച്ചു.