ആലപ്പുഴ: കാറിൽ വന്ന് വഴി ചോദിച്ച് കാല്‍നടയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന സഹോദരന്മാര്‍ അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് അഭിലാഷ് ഭവനത്തില്‍ അഭിജിത്ത്(22), സഹോദരനായ അഭിലാഷ്(28) എന്നിവരെയാണ് മാരാരിക്കുളം പോലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ന് ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴയിലായിരുന്നു സംഭവം.
കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് ചാരമംഗലം കാര്‍ത്തുവെളി വീട്ടില്‍ സുരേഷ് ബാബുവിന്റെ ഭാര്യ പ്രഭാവതി(65)യുടെ മാലയാണ് അപഹരിച്ചത്.
തിരുവിഴ ഫ്രെഷ് എന്‍ ഫൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം കിഴക്കോട്ടുള്ള റോഡിലൂടെ നടന്ന് പോയ പ്രഭാവതിയോട് കാറില്‍ വന്ന രണ്ടംഗ സംഘം ആദ്യം കായംകുളത്തേക്കുള്ള വഴി ചോദിക്കുകയും അതിന് മറുപടി പറഞ്ഞ സമയം വീണ്ടും മതിലകത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തു.
മറുപടി പറയുന്നിതിനിടെ ഇവർ കഴുത്തില്‍ കിടന്ന മാലപൊട്ടിച്ചു. തടയാന്‍ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിച്ച ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. സമീപത്തുള്ള സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ പരിശോധനയില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനം പത്തനംതിട്ട സ്വദേശിയുടെതാണെന്ന് ബോധ്യമായെങ്കിലും വാഹനത്തിന്റെ ഉടമ അവിടെ താമസമില്ലെന്ന് മനസിലാക്കി.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്താല്‍ അവര്‍ വാടകയ്ക്ക് താമസിക്കുന്ന വീയപുരത്ത് ചെന്ന് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വൈകാതെ പ്രതികള്‍ ഉപയോഗിച്ച കെ.എല്‍. 26 എം 3572 നമ്പര്‍ കാര്‍ കണ്ടെത്തി. ഇത് പ്രതികളുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.