ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്നു നുണപറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ച സ്ത്രീ ഒളിവില്‍.
കട്ടക് ജില്ലയില്‍നിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാന്‍ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്.
താന്‍ മരിച്ചില്ലെന്നു വ്യക്തമാക്കി ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരേ അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പരേതരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയാണു റെയില്‍വേയുടെ സഹായം. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു.
ഇതു സ്വന്തമാക്കാനായിരുന്നു ശ്രമം.
ഈ മാസം രണ്ടിനുണ്ടായ ട്രെയിനപകടത്തില്‍ ഭര്‍ത്താവ് ബിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലിയുടെ അവകാശവാദം. പോലീസ് പരിശോധനയിലാണു ഭാര്യയുടെ തട്ടിപ്പ് ബിജയ് ദത്ത അറിഞ്ഞത്. 13 വര്‍ഷമായി തന്നില്‍നിന്നു വേര്‍പിരിഞ്ഞാണു ഗീതാഞ്ജലി ജീവിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.