തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു.
/sathyam/media/post_attachments/oJbboJdw86XUrKtRU0c0.jpg)
150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്.
രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ പെട്ടു. കാലപ്പഴക്കം മൂലം എത് നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള ആഞ്ഞിലി മരത്തിന്റെ ഒരു ശിഖിരമാണ് ഒടിഞ്ഞു വീണത്. മറ്റു ശിഖരങ്ങളും ഏത് നിമിശവും ഒടിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്.ഇക്കാര്യം നാട്ടുകാര്‍ പരാതിയായും മാധ്യമങ്ങളില്‍ വാര്‍ത്തയായും പല തവണ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.പെരുമറ്റം മുതല്‍ മുട്ടം കോടതിക്കവലരെയുള്ള പ്രദേശത്ത് ഇത്തരത്തില്‍ മൂന്ന് മരങ്ങളാണ് നിലനില്‍ക്കുന്നത്.
പഞ്ചായത്തുകളില്‍ ട്രീ കമ്മറ്റിയും വില്ലേജുകളില്‍ വികസന സമതിയും ഉണ്ടങ്കിലും പരാതി വാങ്ങി വയ്ക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നതല്ലാതെ നടപ്പാക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരം സംഭവങ്ങള്‍ മൂലം ഉണ്ടാകുന്നത്. ജില്ലാ കലക്ടര്‍ അടിയന്തിരമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.