മണ്ണഞ്ചേരി: ആപ്പൂരില്‍ കടയില്‍ ഗുണ്ടാവിളയാട്ടം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കുന്നേല്‍വെളി വീട്ടില്‍ സനില്‍(ഷാനി-35), എ.എന്‍. കോളനിയില്‍ അരുണ്‍ (കിച്ചു-28), 22-ാം വാര്‍ഡില്‍ വാര്‍ഡില്‍ മണിമല വെളി വീട്ടില്‍ നിജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആപ്പൂരില്‍ ഷൗഹിദ് എന്നയാള്‍ നടത്തുന്ന ആക്രി കടയില്‍ വില്‍ക്കാന്‍ കൊണ്ടുചെന്ന മോട്ടോര്‍ കടയില്‍ എടുക്കാതിരുന്നതിനാല്‍ കട ഉടമയേയും അവിടെ ജോലി ചെയ്യുന്ന അന്യ സംസ്ഥാനത്തൊഴിലാളിയേയും അസഭ്യം പറയുകയും അന്യസംസ്ഥാനത്തൊഴിലാളിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കത്തി കൊണ്ട് കുത്തിയ ശേഷം കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിക്കുകയും 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതിയായ നിജാസ് ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ സ്‌റ്റേഷനുകളില്‍ മോഷണം ഉള്‍പ്പടെ ഏഴ് കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ആര്‍.ഡി.ഒ. കോടതിയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വന്നിരുന്നതാണ്.
മണ്ണഞ്ചേരി സ്‌റ്റേഷന്‍ പരിധിയിലെ ഒരു കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയാണ് സനില്‍. അരുണ്‍ മണ്ണഞ്ചേരിയില്‍ 2021ലെ ഒരു വധശ്രമ കേസിന് ശേഷം ഒളിവില്‍ പോയെങ്കിലും പിടികൂടിയിരുന്നു. നെടുമുടി സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുള്ളതാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.