അടിമാലി: ഭൂമികച്ചവടത്തില്‍ ലാഭം നല്‍കാമെന്ന വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി 35 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതി അറസ്റ്റിൽ. പാലാ നെച്ചിപ്പുഴുർ വെള്ളയ്ക്കല്‍ ഉറുമ്പില്‍ വീട്ടില്‍ ജിഷാദി(27)നെയാണ് വീടു വളഞ്ഞ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 11.5 ലക്ഷം രൂപയും കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതി ആനച്ചാല്‍ മന്നാക്കുടി പാറയ്ക്കല്‍ ഷിഹാബ് (41), രണ്ടാം പ്രതി തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍ (38) എന്നിവരെ കഴിഞ്ഞ മാസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പില്‍ ചെറിയ തോതില്‍ പങ്കാളികളായ ആനച്ചാല്‍ സ്വദേശികള്‍ 5 പേരെയും പിന്നീട് പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡില്‍ കഴിയുകയാണ്. കഴിഞ്ഞ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭൂമി കച്ചവടത്തില്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ഫാ. പോള്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരുവനന്തപുരം കരമന സ്വദേശി ഹോട്ടല്‍ വ്യവസാസിയായ ബോസ് എന്നയാളെ അനില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് പണം കൊണ്ടുവരാനും തന്റെ പള്ളിയിലെ കപ്യാര് പണം കണ്ട് ബോധ്യപ്പെടാന്‍ വരുമെന്നും അറിയിച്ചു.
പിന്നീട് പണവുമായി വന്ന ബോസിനെ രണ്ടാം പ്രതി ഷിഹാബ് തള്ളിയിട്ട ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കടന്നുകളഞ്ഞു എന്നാണ് പരാതി. 35 ലക്ഷം രൂപയില്‍നിന്നും 7 ലക്ഷം തനിക്ക് ലഭിച്ചതായി ഷിഹാബ് പോലീസില്‍ സമ്മതിച്ചു. ഇതില്‍നിന്നും രണ്ടര ലക്ഷം രൂപ കണ്ടെടുത്തിരുന്നു.
കൂടാതെ ഈ പണമുപയോഗിച്ച് വാങ്ങിയ ഏഴര പവന്‍ സ്വര്‍ണവും പോലീസ് അന്ന് കണ്ടെടുത്തു. ജിഷാദ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കട്ടപ്പന, തൊടുപുഴ, ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
കവര്‍ച്ചയിലൂടെ ലഭിച്ച പണത്തില്‍ നിന്നും മൂന്ന് മൊെബെല്‍ ഫോണുകള്‍ വാങ്ങി മാറി ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞത്. ഇതിനിടെ തൊടുപുഴയ്ക്ക് സമീപം ഒരു വീട്ടില്‍ തിരക്കഥാകൃത്ത് എന്ന പേരില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വീട് വളഞ്ഞ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
രണ്ടാം പ്രതിയെ കര്‍ണാടകയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം ഡിെവെ.എസ്.പി: ബിനു ശ്രീധര്‍ പ്രത്യേക അനേ്വഷണ സംഘം രൂപീകരിച്ചാണ് കേസ് മുന്നോട്ടു പോകുന്നത്.