10 രൂപയെച്ചൊല്ലി തർക്കം; തൊടുപുഴ-മൂലമറ്റം കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയ യാത്രക്കാരനെ വട്ടംചുറ്റിച്ച്  കണ്ടക്ടര്‍

author-image
neenu thodupuzha
New Update

മൂലമറ്റം: തൊടുപുഴയില്‍നിന്നും മൂലമറ്റത്തിനുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയ യാത്രക്കാരനെ ബസ് കണ്ടക്ടര്‍ ചുറ്റിച്ചു.  ഇന്നലെ വൈകിട്ട് മൂലമറ്റത്തിനുള്ള കെ.എസ്.ആര്‍.ടി.സി.  ബസില്‍ കയറിയ വയോധികനായ യാത്രക്കാരനെയാണ് കണ്ടക്ടര്‍ ചുറ്റിച്ചത്.

Advertisment

30 രൂപ നല്‍കി ടിക്കറ്റ് എടുത്ത ഇയാള്‍ മൂന്നു 10 രൂപ നോട്ടുകള്‍ കണ്ടക്ടര്‍ക്ക് നല്‍കി. ഇതില്‍ ഒരു നോട്ടിലെ വെള്ളഭാഗത്ത് പേനകൊണ്ട് എഴുതിയതിനാല്‍ നോട്ട് എടുക്കാന്‍ കഴിയില്ലെന്നു കണ്ടക്ടര്‍ ശഠിച്ചു.

publive-image

ഇവര്‍ തമ്മിലുള്ള തര്‍ക്കം മൂത്തതോടെ പകരം രൂപ നല്‍കാന്‍ യാത്രക്കാര്‍ തയാറായെങ്കിലും കണ്ടക്ടര്‍ വഴങ്ങിയില്ല. യാത്രക്കാരന്റെ കൈയില്‍ വേറെ പണമില്ലാത്തതിനാല്‍ ഗൂഗിള്‍പേ ചെയ്തു നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതും സമ്മതിച്ചില്ല.

തുടര്‍ന്ന് കുടയത്തൂരില്‍ ബസ് നിര്‍ത്തിയിട്ട് ഇവരുടെ തര്‍ക്കം മുറുകി. ചില യാത്രക്കാര്‍ മറ്റുവാഹനങ്ങളില്‍ കയറി യാത്ര തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരനുമായി കണ്ടക്ടര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി.

നിസാരകാര്യത്തിന് യാത്രക്കാരെ വലയ്ക്കരുതെന്ന് കണ്ടക്ടര്‍ക്ക് താക്കീത് നല്‍കി പോലീസ് ഇവരെ മടക്കി അയച്ചു. രാത്രി തൊടുപുഴയില്‍നിന്നുള്ള ലാസ്റ്റ് ബസാണിത്. സ്ത്രീകളടക്കം ഒട്ടേറെ യാത്രക്കാരുണ്ടായിരുന്ന ബസ് അനാവശ്യമായ താമസിപ്പിച്ചതില്‍ യാത്രക്കാരും പ്രകോപിതരായി.

Advertisment