കൊച്ചി: മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിലായ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മഹാരാജാസ് കോളജില്‍ പരിശോധന നടത്തി. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
കേസില്‍ അഞ്ചു പ്രതികളുണ്ടെന്നും ഇവര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ടെന്നും എ.സി.പി. പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ്, ആര്‍ക്കിയോളജി വിഭാഗം പ്രഫസറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ വിനോദ് കുമാര്‍ കല്ലോലിക്കല്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
തെറ്റായ റിസല്‍ട്ട് തയാറാക്കിയത് ഒന്നാംപ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ്. ജോയിയുമെന്നാണ് എഫ്.ഐ.ആർ. ആദ്യ രണ്ടു പ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കുറ്റംചുമത്തി.
പരീക്ഷ ജയിച്ചെന്ന തെറ്റായ റിസല്‍ട്ട് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ കേസില്‍ മൂന്നാം പ്രതിയാണ്.
മഹാരാജാസ് കോളജ് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ അഞ്ചാം പ്രതിയുമാണ്.
മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇതിലൂടെ എസ്.എഫ്.ഐയ്ക്കും സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോയ്ക്കും അപകീര്‍ത്തിയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അരമണിക്കൂര്‍ അന്വേഷണം നടത്തിയ സംഘം പ്രിന്‍സിപ്പലില്‍ നിന്നും ആര്‍ക്കിയോളജി കോര്‍ഡിനേറ്ററില്‍ നിന്ന് മൊഴിയുമെടുത്തു. കോളജ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയാണ് എഴുതാത്ത പരീക്ഷയില്‍ താന്‍ ജയിച്ചുവെന്ന രീതിയില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവരാനിടയായതെന്നാണ് ആര്‍ഷോയുടെ പരാതി. വിനോദ് കുമാര്‍ കല്ലോലിക്കലാണ് ഇതിനുപിന്നിലെന്ന് ആര്‍ഷോ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.