തൊടുപുഴ: വെള്ളിയാമറ്റത്ത് ഡ്രൈവറുടെ കഴുത്തില്‍ കറിക്കത്തി കുത്തിയിറക്കിയ പ്രതിയെ പിടികൂടി. കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണ(കുഞ്ഞ്)നെയാണ് കാഞ്ഞാര്‍ പോലീസ് പിടികൂടിയത്.
തൊടുപുഴ സ്വദേശി കോതവഴിക്കല്‍ പ്രദീപിനാണ് കുത്തേറ്റത്. കഴുത്തില്‍ തറഞ്ഞുകയറിയ കത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നീക്കം ചെയ്തു. വെള്ളിയാഴ്ച കൂവക്കണ്ടാത്താണ് സംഭവം. ഇവിടയുള്ള റബര്‍ തോട്ടത്തില്‍ നിന്ന് തടി കൊണ്ടുപോകാനാണ് പ്രദീപ് ലോറിയുമായി എത്തിയത്.
ഇയാള്‍ ലോറിയില്‍ കിടന്ന് ഉറങ്ങുന്നതിനിടെ ബാലകൃഷ്ണന്‍ കറിക്കത്തിയുമായി എത്തി കഴുത്തില്‍ കുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഓട്ടോറിക്ഷയില്‍ പ്രദീപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍, അവിടെ കഴുത്തില്‍ നിന്ന് കത്തി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ച പ്രദീപിനെ ഓപ്പറേഷന്‍ നടത്തി കത്തി പുറത്തെടുത്തു.
പ്രതി സംഭവത്തിന് ശേഷം കടന്നു കളഞ്ഞെങ്കിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കൂവക്കണ്ടത്ത് തിരിച്ചെത്തി. തുടര്‍ന്ന് കാഞ്ഞാര്‍ എസ്. എച്ച്.ഒ. സോള്‍ജിമോന്‍, എസ്.ഐ. സിബി തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.