ചെങ്ങന്നൂര്‍: വയോധികയായ വീട്ടമ്മയ്ക്ക് വെട്ടേറ്റു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളക്കുഴ പഞ്ചായത്ത് കിഴക്കേക്കര വീട്ടില്‍ അമ്മിണി ബാബു(70)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് എം.ടി. ബാബു (72)വിനെ ചെങ്ങന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെട്ടേറ്റത്. ടാപ്പിങ് തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായി പോലീസ് പറഞ്ഞു.
നാലുമാസം മുന്‍പ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമ്മിണിയുടെ ഇടത് കൈയിലും പുരികത്തിനുമാണ് വെട്ടേറ്റത്. തലയ്ക്കും അടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഇവരുടെ മകന്‍ നേരത്തെ മരിച്ചുപോയിരുന്നു. ഒരു മകളുള്ളത് വിദേശത്താണ്. അമ്മിണിയും ബാബുവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മിണി തൊഴിലുറപ്പുതൊഴിലാളിയാണ്. ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.