ഇടുക്കി: സംസ്ഥാന മിനി ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടയില്‍ ദേശീയ ഹാന്‍ഡ് ബോള്‍ താരത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കോച്ചിനും മാനേജര്‍ക്കുമെതിരെ കേസെടുത്തു. ഇന്ത്യന്‍ ഹാന്‍ഡ് ബോള്‍ താരവും തിരുവനന്തപുരം നേമം എ.എസ്. നിവാസില്‍ രാജീവിന്റെ മകനുമായ ആദിത്യ(17)നാണ് മര്‍ദനമേറ്റത്.
തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ച് നിഖില്‍, മാനേജര്‍മാരായ ശിവപ്രസാദ്, സുധീര്‍ എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആദിത്യനും പിതാവും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയാലാണ് നടപടി.
കൊല്ലം ആര്‍ക്കന്നൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ആദിത്യന്‍. മെയ് 12ന് തൊടുപുഴയ്ക്ക് സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാന മിനി ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടിയായിരുന്നു ആദിത്യന്‍ മല്‍സരത്തിനെത്തിയത്.
ചാമ്പ്യന്‍ഷിപ്പിനിടെ കൊല്ലം ജില്ലാ ടീം കോച്ചിന്റെ അഭ്യര്‍ഥനപ്രകാരം ആദിത്യന്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പിന്നീടുള്ള മത്സരത്തില്‍ തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം പരാജയപ്പെടുത്തുകയും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ചായ നിഖില്‍, മാനേജര്‍മാരായ ശിവപ്രസാദ്, സുധീര്‍ എന്നിവര്‍ പ്രകോപിതരായി ആദിത്യനോട് തട്ടിക്കയറുകയും മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ആളുകളുടെ മുന്നില്‍വച്ച് ജഴ്‌സി വലിച്ചുകീറുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ ആദിത്യന്‍ ഡെറാഡൂണില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരികെയെത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ മര്‍ദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡി.വൈ.എസ്.പി എം.ആര്‍. മധുബാബു പറഞ്ഞു. ടീം മാനേജരായ സുധീര്‍ നിഖിലിന്റെ പിതാവും ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. മുന്‍ ഇന്ത്യന്‍ താരമാണ് മറ്റൊരു മാനേജരായ ശിവപ്രസാദ്.