കൊല്ലം: ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയുമായി വന്ന വ്യത്യസ്ത സംഘങ്ങളില്‍പ്പെട്ട രണ്ട് യുവാക്കളെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വച്ച് കൊട്ടിയത്ത് പോലീസ് പിടികൂടി.
ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30), ഉമയനല്ലൂര്‍ പറക്കുളം വലിയവിള വീട്ടില്‍ മൻസൂര്‍ (31) എന്നിവരാണ് പിടിയിലായത്. ഒരാള്‍ വസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലും മറ്റൊരാള്‍ മലദ്വാരത്തിലുമാണ് എം.ഡി.എം.എ. ഒളിപ്പിച്ചത്. ബസില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
ഗള്‍ഫില്‍ ജോലി ചെയ്തുവന്ന നിഖില്‍ സുരേഷ് മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ. ഉപയോഗിക്കുന്നയാളാണ്. ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെത്തുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് പെണ്‍സുഹൃത്തിന്‍റെ സഹായത്തോടെയാണ് നിഖിലിന് ലഹരിമരുന്ന് ലഭിച്ചത്.
ഇതേ ബസിലെത്തിയ മന്‍സൂര്‍ റഹീമിനെ വിശദമായി പരിശോധിച്ചെങ്കിലും എം.ഡി.എം.എ. കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എം.ഡി.എം.എ. മലദ്വാരത്തില്‍ കടത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചത്.
കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ കൊടുത്താണ് മലദ്വാരത്തിനുള്ളില്‍ ഏഴ് ഗര്‍ഭനിരോധന ഉറകളില്‍ ഒളിപ്പിച്ച 27.4 ഗ്രാം എം.ഡി.എം.എ. പുറത്തെടുത്തത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തി പോലീസ് പിടിയിലാകുന്നത്.