കതിരൂര്‍: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ(24)യെയാണ് ശനിയാഴ്ച രാത്രി നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കാണ് മരണകാരണമെന്നാണ് സൂചന.
കതിരൂരിലെ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്ടര്‍ സച്ചിനും കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്‌റ്റ്വെയല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരുന്ന മേഘയും തമ്മില്‍ ഏപ്രില്‍ രണ്ടിനാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും സച്ചിന്റെ മാതാവിനൊപ്പം കതിരൂര്‍ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നു താമസം.
കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്നും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കി.