തൊടുപുഴ: വാഹനാപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ഡിക്കിയിൽ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ പെരുമ്പിള്ളിച്ചിറയില്‍ വായംപാടത്ത് വീട്ടില്‍ നജീബ് കരീ(42) മിനെതിരെ പോലീസ് കേസെടുത്തു. നജീബ് കരീം ഒളിവിലാണ്.
വില്‍പ്പനയ്ക്കായി വാഹനത്തില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുപത്തിയൊന്‍പതിനായിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. വാഴപ്പള്ളിയ്ക്ക് അടുത്ത് വച്ച് ശനിയാഴ്ച്ച ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് കാറിന് തകരാര്‍ സംഭവിച്ചത്.
ഇതേത്തുടര്‍ന്ന് തകര്‍ന്ന കാര്‍ മങ്ങാട്ടു കവലയ്ക്ക് സമീപമുള്ള വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചു. ഉടമയായ നജീബ് കരിം തന്നെയാണ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുവന്നതെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു.
ക്ലീൻ തൊടുപുഴയുടെ ഭാഗമായി ലഹരി ഇടപാടുള്ളവരെ ഉള്‍പ്പെടുത്തി പോലീസ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് നജീബെന്നും ഇയാളെ അന്വേഷിച്ച് വരുന്നതിനിടെയാണ് ഈ സംഭവമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
ലഹരി ഉല്‍പ്പന്നങ്ങള്‍ കാറില്‍ കൊണ്ടുപോയി ആവശ്യക്കാരായ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൊടുക്കുകയാണ് പ്രതിയുടെ രീതി. കാറും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.