കൊച്ചി: കെ. വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അഗളി ഡിവൈഎസ്പിയും സംഘവും മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി. പ്രിൻസിപ്പാൾ വി.എസ്. ജോയ് അവധിയിലായിരുന്നതിനാൽ വൈസ് പ്രിൻസിപ്പാൾ ബിന്ദു ശർമ്മിളയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
മുൻ വൈസ് പ്രിൻസിപ്പാൾ ജയമോൾ, മലയാളം വിഭാഗം അധ്യാപകൻ എം.എസ്. മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ജയമോളുടെ കയ്യൊപ്പാണ് വിദ്യ സമർപ്പിച്ച വ്യാജരേഖയിലുണ്ടായിരുന്നത്. പോലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് വൈസ് പ്രിൻസിപ്പാൾ പറഞ്ഞു.
വിദ്യ സമർപ്പിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിൽ ചതുരാകൃതിയിലുള്ള സീലാണ് ഉള്ളത്. ഇത് കോളേജിന്റെ യഥാർഥ സീലിൽനിന്ന് വ്യത്യസ്തമാണ്. ഡേറ്റിലും വ്യത്യാസമുണ്ട്. അവധി ദിവസങ്ങളാണ് വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റിലുള്ളത്. ഒരിക്കലും കോളേജിൽനിന്ന് അന്നേ ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ലെന്നും വിദ്യയ്ക്ക് നേരത്തെ ഒരു ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. അതിലെ ഒപ്പായിരിക്കാം വിദ്യ ദുരുപയോഗം ചെയ്തതെന്നും പ്രിൻസിപ്പാൾ സൂചിപ്പിച്ചു.
നടപടികളുമായി മുന്നോട്ട് പോകുമെന്നു അഗളി ഡിവൈഎസ്പി വ്യക്തമാക്കി. മഹാരാജാസിൽനിന്ന് എല്ലാ രേഖകളും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.