കോഴിക്കോട് ജോലി ചെയ്ത ഹോട്ടലിൽ  കവർച്ച; തമിഴ്നാട് സ്വദേശി പിടിയിൽ, മണ്ണാർഗുഡിയിൽ നിന്ന് പ്രതിയെ പോലീസ് പിടികൂടിയത് അതി സാഹസികമായി

author-image
neenu thodupuzha
New Update

കോഴിക്കോട്: മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപം ശ്രീലക്ഷ്മി ഹോട്ടലിൽ നിന്നും രണ്ടു ലക്ഷം രൂപ കവർന്നയാൾ പിടിയിൽ. തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെയാണ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസും സംഘവും തമിഴ്നാട് കുംഭകോണത്തിനടുത്ത മണ്ണാർഗുഡിയിലെ ഉൾഗ്രാമത്തിൽ നിന്ന് പിടികൂടിയത്.

Advertisment

publive-image

കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഇവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവർച്ച നടത്താൻ തെരഞ്ഞെടുക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ  വച്ച പണമാണ് ഇയാൾ കവർന്നത്.

ഹോട്ടലുടമയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വർഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്. എന്നാൽ കവർച്ചയ്ക്കു ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തമിഴ്നാട് പോലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഗ്രാമമാണ് മണ്ണാർഗുഡി.

അതിനാൽ  പ്രതിയെ സാഹസികമായാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്. ഭാഗ്യരാജിനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അവിടുത്തെ പോലീസ് പോലും അറിഞ്ഞത്. പ്രതിയെ പിടികൂടിയശേഷം ആളുകൾ കൂടാൻ സാധ്യതയുള്ളതിനാൽ വളരെ വേഗം തന്നെ ഇയാളെയും കൊണ്ട് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.

കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റ്ന്റ് കമ്മീഷണർ കെ.സുദർശൻ അറിയിച്ചു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസിനെ കൂടാതെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ റസൽരാജ്, രതീഷ് ഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫൈസൽ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Advertisment